19-April-2023 -
By. news desk
കൊച്ചി: ട്രാഫിക്ക് നിയമലംഘനങ്ങള്‍ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ അത്യാധുനിക രീതിയിലുള്ള 726 എ ഐ ക്യാമറകള്‍ ഇന്നു മുതല്‍ പ്രവര്‍ത്തന സജ്ജമാകും.ഏഴു നിയമലഘനങ്ങളാകും പ്രധാനമായും ഐ ഐ ക്യാമറകള്‍ ഒപ്പിയെടുക്കുക.ഇവയ്‌ക്കെല്ലാം കൃത്യമായ പിഴയും ഈടാക്കും.ഇനി ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളില്‍ പാഞ്ഞാല്‍ 500 രൂപ പിഴയൊടുക്കണം.സീറ്റു ബല്‍റ്റ് ധരിച്ചില്ലെങ്കില്‍ പിഴ 500 രൂപ,ഇരു ചക്രവാനങ്ങളില്‍ രണ്ടില്‍കൂടുതല്‍ പേര്‍ യാത്ര ചെയ്താല്‍ ആയിരം രൂപയാണ് പിഴയായി അടയ്‌ക്കേണ്ടിവരിക.ഫോണ്‍ ഉപയോഗിച്ചുകൊണ്ട് ഡ്രൈവ് ചെയ്താല്‍ 2000 രൂപ പിഴയൊടുക്കേണ്ടിവരും.അനധികൃതമായി പാര്‍ക്ക് ചെയ്താല്‍ 250 രൂപയാണ് പിഴ.ജംഗ്ഷനുകളില്‍ ചുവപ്പ് സിഗ്നല്‍ ലംഘിച്ചുകൊണ്ട് വാഹനത്തില്‍ പായുന്നവരുടെ കേസുകള്‍ കോടതിക്കു കൈമാറും. കോടതിയായിരിക്കും ഇത്തരം കേസുകളില്‍ ശിക്ഷ വിധിക്കുക.
കാറിന്റെ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ സീറ്റു ബല്‍റ്റ് ധരിച്ചിട്ടുണ്ടോയെന്ന് ആദ്യ ഘട്ടത്തില്‍ പരിശോധിക്കില്ല.മുന്‍ സീറ്റില്‍ ഇരിക്കുന്നവരുടെ സീറ്റ് ബെല്‍റ്റ് മാത്രമാകും പരിശോധിക്കുക.ലൈന്‍ ട്രാഫിക് ലംഘനങ്ങള്‍ ആദ്യ ഘട്ടത്തില്‍ പരിശോധിക്കില്ലെന്നാണ് വിവരം.അതേ സമയം ഇരു ചക്രവാഹനങ്ങളില്‍ രണ്ടില്‍കുടുതല്‍ പേരെയുമായി യാത്രചെയ്താല്‍ പിഴയീടാക്കുന്നത് ഏറ്റവും അധിക ബാധിക്കുക കുടുംബങ്ങളെയായിരിക്കും. കുട്ടികളാണെങ്കിലും മൂന്നു പേര്‍ ഇരു ചക്രവാഹനത്തില്‍ യാത്ര ചെയ്താല്‍ പിഴയൊടുക്കേണ്ടിവരുമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.രാത്രിയിലുള്‍പ്പെടെ നടക്കുന്ന നിയമലംഘനങ്ങള്‍ വ്യക്തതയോടെ തിരിച്ചറിയാന്‍ സാധിക്കുമെന്നതാണ് എ.ഐ. ക്യാമറകളുടെ സവിശേഷത. സാധാരണ സി.സി.ടി.വി. ക്യാമറകളെക്കാള്‍ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങളാണ് ലഭിക്കുക. വാഹനത്തിനകത്ത് ഇരിക്കുന്നവരുടേതടക്കം വ്യക്തമായ ചിത്രം ലഭിക്കും. കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിലും ഇത്തരം ക്യാമറകള്‍ സഹായമാകും. അതേ സമയം നിയമം ലംഘിക്കുന്നവരുടെ ദൃശ്യങ്ങളാകും ക്യാമറയില്‍ പതിയുകയെന്നും അല്ലാത്തവരുടെ ദൃശ്യങ്ങള്‍ പതിയുകയില്ലെന്നും ഗതാഗത കമ്മീഷണര്‍ എസ് ശ്രീജിത്ത് പറഞ്ഞു.എര്‍ജന്‍സി വിഭാഗത്തിലുള്ള വാഹനങ്ങള്‍ക്ക് ക്യമാറ ബാധകമാകില്ലെന്നും അദ്ദേഹം പറഞ്ഞു.